Thursday, September 10, 2009

തിരുസഭ തിരുത്തിയ ദൈവകല്‍പ്പനകള്‍?

ചര്‍ച്ചാവിഷയം: പഴയനിയമത്തിലെ പത്ത്‌ കല്‍പ്പനകളില്‍ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന രണ്ടാമത്തെ കല്‍പ്പന കത്തോലിക്കാസഭ നീക്കം ചെയ്യുകയും പത്താമത്തെ കല്‍പ്പന രണ്ടായി വിഭജിച്ച്‌ ഒന്‍പതും പത്തും കല്‍പ്പനകളാക്കി മാറ്റുകയും ചെയ്തു എന്ന് ചിലര്‍ വാദിക്കുന്നു. ഇത്തരത്തില്‍ പ്രായോഗികനേട്ടങ്ങള്‍ക്ക്‌ വേണ്ടി ദൈവകല്‍പ്പനകളെ പോലും തിരുത്തന്നവരാണ്‌ സഭാധികാരികള്‍ എന്ന് ഇവിടെ (click here) ആരോപിക്കുന്നു.

പ്രത്യക്ഷത്തില്‍, തിരുസ്സഭ ബൈബിളാണ്‌ തിരുത്തിയിരിക്കുന്നതെന്ന് തോന്നാമെങ്കിലും യാഥാര്‍ത്ഥ്യം അതല്ല. കാരണം മുകളില്‍ തിരുത്തി എന്ന് ആരോപിക്കപ്പെടുന്ന പത്ത്‌ കല്‍പ്പനകള്‍ കത്തോലിക്കാ-ബൈബിളുകളിലും മാറ്റമൊന്നുമില്ലാതെ കാണാന്‍ സാധിക്കും. അതേസമയം കത്തോലിക്കാസഭയുടെ പ്രബോധനരേഖകളില്‍, ഉദാഹരണത്തിന്‌ CCC-യില്‍ (Catechism of Catholic Church) കാണുന്ന 10 കല്‍പ്പനകളിലാണ്‌ ഈ വ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഈ വ്യത്യാസങ്ങള്‍ സഭ അതേ പ്രബോധനരേഖയില്‍ അംഗീകരിക്കുയും അതിന്റെ കാരണം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്‌; "The division and numbering of the Commandments have varied in the course of history. The present catechism follows the division of the Commandments established by St. Augustine, which has become traditional in the Catholic Church"(CCC 2066). അതായത്‌ സഭയുടെ മതബോധനങ്ങള്‍ സഭാപിതാക്കന്മാരിലൂടെ സഭക്ക്‌ കൈമാറികിട്ടിയ പാരമ്പര്യങ്ങളേയും പ്രബോധനങ്ങളേയും അടിസ്ഥാനപ്പെടുത്തിയതാണ്‌. പക്ഷെ, ഈ മതബോധനത്തിലെ 10 കല്‍പ്പനകള്‍ എങ്ങനെ ബൈബിളിന്റെ ഉള്ളടക്കത്തില്‍ നിന്നും വ്യത്യസ്തമാകും? ഉത്തരം, ഉള്ളടക്കത്തില്‍ നിന്നും ഇത്‌ വ്യത്യസ്തമല്ല എന്നതാണ്‌, മറിച്ച്‌ അവയുടെ എണ്ണം തിരിച്ചുള്ള ക്രമീകരണത്തിലാണ്‌ വ്യത്യാസം.

ഇന്ന് യഹൂദരും ഓര്‍ത്തഡോക്സ്‌ സഭാവിഭാഗങ്ങളും കത്തോലിക്കരും വിവിധ പ്രൊട്ടസ്റ്റന്റ്‌ സഭാവിഭാഗങ്ങളും അനുശാസിക്കുന്ന പത്ത്‌ കല്‍പ്പനകളുടെ അടിസ്ഥാനം പുറപ്പാട്‌ 20: 2-17 വാക്യങ്ങളും, നിയമാവര്‍ത്തനം 5: 6-21 വാക്യങ്ങളുമാണ്‌. ഇവരാരും ഈ തിരുവചനഭാഗങ്ങള്‍ അതേപടി ഉപയോഗിച്ചല്ല പത്ത്‌ കല്‍പ്പനകളായി പഠിപ്പിക്കുന്നത്‌. ഉദാഹരണത്തിന്‌, പുറപ്പാട്‌ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടാമത്തെ കല്‍പ്പനയുടെ ഉറവിടം പരിശോധിക്കാം; "മുകളില്‍ ആകാശത്തിലൊ താഴെ ഭൂമിയിലൊ ഭൂമിക്കടിയിലോ ജലത്തിലൊ ഉള്ള ഒന്നിന്റേയും പ്രതിമയൊ സ്വരൂപമോ നീ നിര്‍മ്മിക്കരുത്‌; അവയ്ക്ക്‌ മുന്‍പില്‍ പ്രണമിക്കുകയൊ അവയെ ആരാധിക്കുകയൊ ചെയ്യരുത്‌, എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌ അസഹിഷ്ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്റെ കല്‍പ്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും"(പുറപ്പാട്‌ 20: 4-6). പക്ഷെ രണ്ടാമത്തെ കല്‍പ്പനയായി ഭൂരിഭാഗം പേരും പഠിപ്പിക്കുന്നത്‌ "വിഗ്രഹങ്ങള്‍ നിര്‍മ്മിക്കരുത്‌" എന്നു മാത്രമാണ്‌. അതായത്‌, പത്ത്‌ കല്‍പ്പനകള്‍ പ്രതിപാദിക്കുന്ന വിവിധ വിശ്വാസസമൂഹങ്ങളുടെ കുറിപ്പുകളില്‍ ഭൂരിഭാഗവും ഇത്തരം വെട്ടിച്ചുരുക്കലുകളിലൂടെ ഉണ്ടായിട്ടുള്ളതാണ്‌. ഇത്തരം വെട്ടിചുരുക്കലുകള്‍ ന്യായമാണൊ എന്നു ചോദിച്ചാല്‍ ഈശൊ തന്നെ 10 കല്‍പ്പനകളെ രണ്ടായി ചുരുക്കി ആളുകളെ പ്രബോധിപ്പിക്കുന്നത്‌ സുവിശേഷത്തില്‍ കാണാം (മത്തായി 22:36-40). വിശ്വാസികള്‍ക്ക്‌ കല്‍പ്പനകള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും അവ ഓര്‍മ്മിച്ചുവെയ്ക്കാനും അടിസ്ഥാന ആശയത്തിന്‌ കൂടുതല്‍ ശ്രദ്ധ ലഭിക്കാനും ഇത്‌ വളരെ സഹായകമാണ്‌. അതേസമയം, കത്തോലിക്ക പാരമ്പര്യത്തില്‍ രണ്ടാം പ്രമാണം ചുരുങ്ങി അപ്രത്യക്ഷമായതായി തോന്നാം. അതിന്റെ കാരണങ്ങളിലേക്ക്‌ വഴിയേ വരാം. വാസ്തവത്തില്‍, ഈ പത്ത്‌ കല്‍പ്പനകളും ബൈബിളില്‍ പ്രത്യേകമായ ഒരു വിഭജനമൊ കൃമീകരണമൊ കൂടാതെ കൂടികുഴഞ്ഞാണ്‌ കിടക്കുന്നത്‌. ഉദാഹരണത്തിന്‌, പുറപ്പാട്‌ 20: 2-17 വാക്യങ്ങളില്‍, 10 കല്‍പ്പനകളടങ്ങിയ ഭാഗം ശ്രദ്ധിച്ചാല്‍ അതില്‍ 10-ന്‌ പകരം 14-ഓളം പ്രസ്താവനകള്‍ കാണാന്‍ കാഴിയും. ഇന്ന് ഓരൊ വാചകങ്ങള്‍ക്കും കാണപ്പെടുന്ന അക്കങ്ങളുടെ ക്രമീകരണം ക്രിസ്തുവിന്‌ ശേഷമുള്ള ബൈബിള്‍ പണ്ഡിതരുടെ പ്രവര്‍ത്തനഫലമാണ്‌. അതായത്‌, നിര്‍ഭാഗ്യവശാല്‍ പഴയമിയമത്തിന്റെ അന്തസത്തയായ 10 കല്‍പ്പനകളെ സംബന്ധിച്ചുപോലും ബൈബിളില്‍ അവ്യക്തതകളുണ്ട്‌. ഇവിടെയാണ്‌ ബൈബിള്‍ വ്യാഖ്യാനത്തിന്റെ സങ്കീര്‍ണ്ണത കുടികൊള്ളുന്നത്‌. ബൈബിള്‍ വ്യഖ്യാനിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പത്ത്‌ കല്‍പ്പനകള്‍ക്കും ബാധകമാണ്‌, ഈ മാനദണ്ഡങ്ങള്‍ ചുരുക്കരൂപത്തില്‍ ഇവിടെ കുറിച്ചിട്ടുണ്ട്‌.

വീണ്ടും അടിസ്ഥാനചോദ്യത്തിലേക്ക്‌ വരാം, എന്തുകൊണ്ട്‌ കത്തോലിക്കരുടെ മതബോധനത്തില്‍ രണ്ടാമത്തെ കല്‍പ്പന അപ്രത്യക്ഷമായി? ഉത്തരം വളരെ ലളിതമാണ്‌, കാരണം കത്തോലിക്കരുടെ ബൈബിള്‍ വ്യഖ്യാനമനുസരിച്ച്‌ രണ്ടാമത്തെ കല്‍പ്പന ഒന്നാമത്തേതില്‍ കുടികൊള്ളുന്നു. "നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌" എന്ന ഒന്നാമത്തെ കല്‍പ്പനയില്‍ "വിഗ്രഹങ്ങള്‍ നിര്‍മ്മിക്കരുത്‌" എന്ന കല്‍പ്പനയുടെ പൊരുള്‍ അടങ്ങിയിരിക്കുന്നു. ഈ രണ്ട്‌ കല്‍പ്പനകളും അത്‌ നല്‍കപ്പെട്ട സാഹചര്യത്തിലാണ്‌ മനസ്സിലാക്കേണ്ടത്‌ അഥവാ കത്തോലിക്കാസഭ മനസ്സിലാക്കുന്നത്‌. അന്ന് ഇസ്രായേല്‍ ജനത്തിന്‌ ചുറ്റും നിലവിലിരുന്ന വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടുള്ള അന്യദൈവങ്ങളോടുള്ള ആരാധനയേയാണ്‌ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കരുത്‌ എന്ന കല്‍പ്പനയിലൂടെ ദൈവം എതിര്‍ക്കുന്നത്‌. കാരണം വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച്‌ ആരാധിക്കുന്നത്‌ ഏകദൈവവിശ്വാസത്തിന്‌ എതിരാണ്‌, ദൈവത്തിന്‌ പുറമേ മറ്റ്‌ വസ്തുക്കളിലൊ ബിംബങ്ങളിലോ മറ്റൊരു ശക്തിയെ അവര്‍ അംഗീകരിക്കുന്നതിന്‌ തുല്ല്യമാണിത്‌. ഇത്തരത്തില്‍ വിഗ്രഹാരാധനയും ബഹുദൈവാരാധനയും ഒന്നാണെന്നും, ഒന്നും രണ്ടും കല്‍പ്പനകള്‍ പരസ്പരപൂരകങ്ങളാണെന്നും മനസ്സിലാക്കാം. അതെസമയം, പിന്നീടൊരിക്കലും ഇസ്രായേല്‍ ജനത വിഗ്രങ്ങള്‍ നിര്‍മ്മിക്കരുതെന്നാണ്‌ ദൈവം കല്‍പ്പിച്ചത്‌ എന്ന് ഇതില്‍ നിന്നും അനുമാനിക്കാനാവില്ല, വിഗ്രഹങ്ങളെ ആരാധിക്കരുത്‌ എന്നാണ്‌ ദൈവികകല്‍പ്പനയുടെ ഉള്ളടക്കം. മറിച്ചായിരുന്നെങ്കില്‍ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകും. കാരണം, വിശുദ്ധഗ്രന്ധത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവം തന്നെ ഇസ്രായേല്യരോട്‌ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വിഗ്രഹങ്ങളും മറ്റ്‌ അനുഷ്ഠാനവസ്തുക്കളുമൊക്കെ നിര്‍മ്മിക്കാന്‍ ആവശ്യപെടുന്നതായി കാണാം. വാഗ്ദാനപേടകത്തിന്റെ ഇരുവശത്തായി പ്രതിഷ്ഠിക്കാനാവശ്യപ്പെട്ട മാലാഖമാരുടെ സുവര്‍ണ്ണ പ്രതിമകളും (പുറപ്പാട്‌ 25:17-19), മോശ മരുഭൂമിയില്‍ ഉയര്‍ത്തിയ പിച്ചള സര്‍പ്പത്തിന്റെ രൂപവും (സംഖ്യ 21), സോളമന്റെ ദൈവാലയനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങളിലുമെല്ലാം (1 ദിനവൃത്താന്തം 28:18-20) ഈ യാഥാര്‍ത്ഥ്യം ദര്‍ശിക്കാനാവും. ഇവയൊന്നും ആരാധിക്കപ്പെടാന്‍ വേണ്ടിയല്ല ദൈവം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത്‌. ഇവയിലൂടെ ഏകദൈവത്തിന്റെ അദൃശ്യമായ സാമീപ്യസ്മരണ അവരില്‍ നിതാന്തം ഉണര്‍ത്തുന്നതിനും ദൈവാരാധനക്ക്‌ സഹായകമായ ചില അചാരാനുഷ്ഠാനങ്ങള്‍ക്ക്‌ വേദിയൊരുക്കാനുമായിരുന്നു.

മേല്‍പ്പറഞ്ഞതൊക്കെ സൗകര്യപ്രകാരം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കാനും പണം സമ്പാദിക്കാനുമുള്ള സഭയുടെ തന്നെ വ്യാഖ്യാനമല്ലെ എന്ന ചോദ്യം ആവര്‍ത്തിച്ചാല്‍ നിസംശയം അല്ല എന്ന് പറയാന്‍ കഴിയും. കാരണം വിശുദ്ധ ആഗസ്തീനോസ്സ്‌ പുറപ്പാട്‌ പുസ്തകം വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ പത്ത്‌ കല്‍പ്പനകളുടെ ഈ ക്രമീകരണം നൂറ്റണ്ടുകള്‍ക്ക്‌ മുന്‍പ്‌ തന്നെ സഭയില്‍ നിലവില്‍ വന്നത്‌, പ്രൊട്ടസ്റ്റന്റ്‌ വിഭാഗത്തില്‍ പെട്ട ലൂഥറന്‍ സഭയും ഈ ക്രമീകരണമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. വിഗ്രഹാരാധനയെ അന്നും ഇന്നും സഭ നിശിതമായി എതിര്‍ക്കുന്നുണ്ട്‌. നാം ചര്‍ച്ചാവിഷയമാക്കിയ അതേ പ്രബോധനരേഖയില്‍ ഇപ്രകാരം കാണാം: "Idolatry is a perversionof man's innate religious sense. An Idolater is someone who transfers his indestructible notion of God to anything other that God" (CCC 2114). കത്തോലിക്കര്‍ വിഗ്രഹാരാധകരാണ്‌ എന്ന ആരോപണത്തിന്റെ അടിസ്ഥാനം ഒരു കഷണം കല്ലിലൊ മരത്തിലൊ കൊത്തിയ രൂപങ്ങളെയൊ ഛായചിത്രങ്ങളെയോ അവര്‍ ദൈവമായിട്ടല്ല കാണുന്നത്‌ എന്ന തിരിച്ചറിവില്ലായ്മയാണ്‌. ഈ വിഗ്രഹങ്ങള്‍ക്ക്‌ ഉടവു സംഭവിച്ചാലും വിശ്വാസിയുടെ ഹൃദയത്തിലെ ദൈവം ഉടയുകയില്ല. കാരണം അവര്‍ക്കത്‌ ദൈവത്തെ ഓര്‍മ്മിക്കാനും ബഹുമാനിക്കാനുമുള്ള ഒരു അടയാളമോ വേദിയോ മാത്രമാണ്‌. തിരുസ്സഭ ആരേയും ഇത്തരം രൂപങ്ങളെ വണങ്ങാന്‍ നിര്‍ബന്ധിക്കുന്നില്ല (ആരാധനയും വണക്കവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ബ്ലോഗില്‍ പലരും ചര്‍ച്ച ചെയ്തിട്ടുള്ളതുകൊണ്ട്‌ ഞാനത്‌ മനപൂര്‍വ്വം ഒഴിവാക്കുകയാണ്‌). ഇവയൊന്നും കൂടാതെ ഒരുവന്‌ ദൈവത്തെ ആരാധിക്കാന്‍ കഴിയുമെങ്കില്‍ അവന്‍ അപ്രകാരം ആരാധിക്കുക. അതെസമയം, ഉദാഹരണത്തിന്‌ ഒരു വൃദ്ധസ്ത്രീ ഏതെങ്കിലും തിരുസ്വരൂപത്തിന്റെ മുന്‍പില്‍ ഭക്തിപുര്‍വ്വം തിരിതെളിച്ച്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ ആ വല്ല്യമ്മയേക്കാളും വിശ്വാസം എനിക്കുണ്ടെന്ന് പറയാനാവില്ല. ആ അമ്മയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വാസത്തിന്റെ ലാളിത്യമായിരിക്കണം വിധവയുടെ കൊച്ചുകാശുപോലെ ദൈവത്തിന്‌ കൂടുതല്‍ പ്രീതികരം.

ഓരോ മനുഷ്യനും സ്ഥലകാല പരിമിതികളില്‍ ജീവിക്കുന്നവനാണ്‌. അപരിമേയനെക്കുറിച്ച്‌ അവന്‍ ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ ഈ പരിമിതികളെ ഭേദിക്കാന്‍ അവനെ സഹായിക്കുന്ന അവന്റെതന്നെ കലാപരമായ സൃഷ്ടികളെ ഉപയോഗിക്കുന്നതില്‍ തെറ്റ്‌ കണാനാവില്ല, സംഗീതവും ഇതിലുള്‍പ്പെടും. പ്രത്യേകിച്ച്‌, ഇവ കേവലം ഭാവനാസൃഷ്ടികള്‍ ആവാതെ, അവന്റെ വിശ്വാസം ഉറവകൊള്ളുന്ന ദൈവികവെളിപ്പെടുത്തലുകള്‍ക്ക്‌ അനുസരിച്ചാണ്‌ അവനത്‌ ചെയ്യുന്നതെങ്കില്‍. യേശുവിന്റെ മനുഷ്യാവതാരമാണ്‌ ഇത്തരം സൃഷ്ടികള്‍ക്കുള്ള കത്തോലിക്കരുടെ അടിസ്ഥാന കാരണം. യേശു ഒരു കാലഘട്ടത്തില്‍ ജനിച്ച്‌ ജീവിച്ചിട്ടുണ്ടെങ്കില്‍ അന്ന് ജീവിച്ചിരുന്നവര്‍ നഗ്നനേത്രങ്ങള്‍ കൊണ്ട്‌ യേശുവിനെ കണ്ടിട്ടുണ്ടെങ്കില്‍ ഇന്ന് യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കും ആ 'ജീവിതചിത്രങ്ങള്‍' അറിയാനുള്ള അവകാശം ഉണ്ട്‌, അത്‌ വരും തലമുറക്ക്‌ പകര്‍ന്ന് കൊടുക്കേണ്ടതുമുണ്ട്‌. ഉണ്ണീശോയെ പൂല്‍ക്കൂട്ടില്‍ ആരാധിക്കുന്ന മൂന്ന് രാജാക്കന്മാരുടെ ചിത്രം സുവിശേഷം പ്രതിപാദിക്കുന്നുണ്ട്‌. ഇന്നും പുല്‍കൂടുകളൊരുക്കുകയും ഉണ്ണീശോയെ അതില്‍ പ്രതീകാത്മകമായി പ്രതിഷ്ഠിക്കുകയും അതിനെ വണങ്ങുകയും ചെയ്യുമ്പോള്‍ ഈ ചരിത്രസത്യങ്ങളാണ്‌ ഒരിക്കല്‍കൂടി വിശ്വാസിയുടെ ജീവിതത്തിലേക്ക്‌ പ്രതിഫലിക്കുന്നത്‌.

ദൈവം തന്നെതന്നെ വെളിപ്പെടുത്തന്നതിന്‌ മുന്‍പാണ്‌ വിഗ്രഹങ്ങള്‍ ഉണ്ടാക്കരുതെന്ന് കല്‍പ്പിച്ചത്‌. പിന്നീട്‌ ദൈവം തന്നെ മനുഷ്യനായി സ്വയം വെളിപ്പെടുത്തിയെങ്കില്‍ അത്‌ എല്ലാവര്‍ക്കും സംലഭ്യമാവന്‍ വേണ്ടികൂടിയാവണം, ബാഹ്യമായ ഒരു ചിത്രത്തേക്കാളുപരി അതിന്റെ എല്ലാ ആന്തരികാരത്ഥങ്ങളോടും കൂടിയാവണം ഈ സംലഭ്യത ചരിത്രത്തില്‍ തുടരാന്‍. അതിനായ്‌ തിരുവചനവും പാരമ്പര്യങ്ങളും ആരാധനാക്രമവും സംഗീതവും തിരുസ്വരൂപങ്ങളും ഒക്കെ ഉപാധിയാക്കാവുന്നതാണ്‌. യേശുവിനെ ധീരമായി അനുഗമിച്ച പുണ്യവാന്മാരുടെ ജീവിതവും വിവിധരീതികളില്‍ ചിത്രീകരിക്കുകയും വണങ്ങുകയും ചെയ്യുമ്പോഴും ക്രിസ്തുവിന്റെ ജീവിതചിത്രമാണ്‌ അവരിലുടെ വിശ്വാസികളിലേക്ക്‌ പകരപ്പെടുന്നത്‌. ചിലയിടങ്ങളിലെങ്കിലും ഈ ലക്ഷ്യങ്ങള്‍ പരാജയപ്പെടുന്നുണ്ട്‌ എന്ന് ഞാനും അംഗീകരിക്കുന്നു, ഒപ്പം ആചാരാനുഷ്ഠാനങ്ങളുടെ അന്ധമായ ആവര്‍ത്തനങ്ങളിലേക്ക്‌ വിശ്വാസികളും സഭാനേതൃത്വവും 'പ്രായോഗികബുദ്ധിയോടെ' ചുരുങ്ങാറുണ്ട്‌. അത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിന്‌ ഇത്തരം ചര്‍ച്ചകള്‍ കാരണമാകുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.

പത്താമത്തെ കല്‍പ്പനയെങ്ങനെ രണ്ടായി മാറി എന്നതുകൂടി ചുരുക്കത്തില്‍ പരിശോധിക്കാം. നിയമാവര്‍ത്തനം അഞ്ചാമധ്യായത്തിലെ 21-ാ‍ം വാക്യമാണ്‌ ഈ രണ്ട്‌ കല്‍പ്പനകളുടേയും അടിസ്ഥാനം. ഇവയെ വിഭജിക്കാന്‍ ഒരു കാരണം യഹുദപാരമ്പര്യത്തിലെ 'പത്ത്‌ കല്‍പ്പനകള്‍' എന്ന ചരിത്രപരമായ സംഖ്യക്രമം കത്തോലിക്കാ പാരമ്പര്യത്തിലും നിലനിറുത്തുക എന്നതാവണം. അതിനുപരിയായി, ഈ വാക്യങ്ങളുടെ വിഭജനത്തിലൂടെ അന്യന്റെ ഭാര്യയോടുള്ള മോഹത്തേയും(lust)അന്യന്റെ വസ്തുക്കളോടുള്ള മോഹത്തേയും(greed) രണ്ടായി കാണുന്നു. പുറപ്പാട്‌ പുസ്തകത്തിലെ സാംസ്കാരികപശ്ചാത്തലത്തില്‍ ഒരു വ്യക്തിയുടെ ഭാര്യമാര്‍ക്കും അവന്റെ കന്നുകാലികള്‍ക്കും വസ്തുക്കള്‍ക്കുമൊക്കെ തുല്ല്യസ്ഥാനമാണ്‌ നല്‍കിയിരുന്നത്‌. അതില്‍നിന്ന് വ്യത്യസ്ഥമായി ഈ വിഭജനം വിവാഹബന്ധത്തിനും, ഏകഭാര്യസമ്പ്രദായത്തിനും, സ്ത്രീക്കും പുതിയനിയമത്തിലേതു പോലെ കൂടുതല്‍ ശ്രേഷ്ഠത നല്‍കുകയാണ്‌.

വിഗ്രഹങ്ങളുണ്ടാക്കരുത്‌ എന്ന ദൈവകല്‍പ്പനയെ തന്നെ വിഗ്രഹമാക്കിയാല്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്കുത്തരമാണ്‌ നാം കണ്ടുകഴിഞ്ഞത്‌. ദൈവവചനം ബൈബിളില്‍ അടങ്ങിയിരിക്കുന്നു അഥവാ മനുഷ്യഭാഷയില്‍ എഴുതപ്പെട്ട ദൈവവചനമാണ്‌ വിശുദ്ധഗ്രന്ധത്തിലെ വരികള്‍ എന്നത്‌ മറക്കാതിരിക്കാം. ഈ വരികളെ നമുക്ക്‌ വിഗ്രഹമാക്കി ആരാധിക്കാതിരിക്കാന്‍ പരിശ്രമിക്കാം, മറിച്ച്‌ യഥാര്‍ത്ഥ ദൈവവചനത്തെ ജീവിതമാക്കി മാറ്റി ആരാധിക്കാം. എല്ലായ്പ്പോഴും സമഗ്രമായ ഒരു വീക്ഷണം ബൈബിള്‍ നിരൂപണത്തിന്‌ അത്യന്താപേക്ഷിതമാണ്‌. മാത്രമല്ല, ബൈബിളിലെ ഈ പത്ത്‌ കല്‍പ്പനകള്‍ യഹൂദരുടേയൊ, ക്രിസ്ത്യാനികളുടെയൊ മാത്രം അവകാശവുമല്ല. ജാതിമതരാഷ്ട്രഭേദ്യമേന്ന്യെ മനുഷ്യമനസാക്ഷിയിലെഴുതപ്പെട്ട നിയമത്തിന്റെ (Natural Law) ചിത്രീകരണമാണ്‌ ഈ കല്‍പ്പനകളില്‍ ഭൂരിഭാഗവും, അവ രാഷ്ട്ര നിയമങ്ങളായിട്ടും മതനിയമങ്ങളായിട്ടും വ്യക്തിനിയമങ്ങളായിട്ടും ലോകത്ത്‌ അനുശാസിക്കപ്പെടുന്നുണ്ട്‌. അത്‌ എങ്ങനെ ഉള്‍കൊള്ളണമെന്ന് അതാത്‌ രാജ്യങ്ങളൊ മതങ്ങളൊ സഭാവിഭാഗങ്ങളൊ തീരുമാനിക്കട്ടെ.